ജൂലൈ അഞ്ച്: കേരളത്തില്‍ ഹര്‍ത്താല്‍ തന്നെ

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (12:06 IST)
PRO
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികളും പ്രതിപക്ഷവും രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ജൂലൈ അഞ്ചിലെ ഹര്‍ത്താല്‍ കേരളത്തിനും ബാധകം. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ ഡി എഫ് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ഇതോടെ ഒരേ വിഷയത്തില്‍ രണ്ടാമത്തെ ഹര്‍ത്താലാണ് കേരളത്തില്‍ നടക്കുന്നത്.

ദേശീയതലത്തില്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ കേരളം മാത്രം മാറി നില്ക്കുന്നത് ശരിയല്ലെന്ന് എല്‍ ഡി എഫ് ഉന്നതാധികാരസമിതിയോഗം തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ആയിരുന്നു പെട്രോളിയം ഉല്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അന്ന് അര്‍ദ്ധരാത്രി തന്നെ പുതുക്കിയ വില നിലവില്‍ വരുകയും ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ ഈ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കേരളത്തില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നും അന്നേ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നില്ല. പെട്രോളിയം വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ തിങ്കളാഴ്ചയാണ് ഇടതുപാര്‍ട്ടികളും പ്രതിപക്ഷവും തീരുമാനിച്ചത്. എന്നാല്‍ ശനിയാഴ്ച ഇതേ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയതിനാല്‍ ജുലൈ അഞ്ചിന് ഹര്‍ത്താല്‍ നടത്തണോ എന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഇടതുമുന്നണിയില്‍ തന്നെ സംശയമുണ്ടായിരുന്നു.

ഇതു സംബന്ധിച്ച് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനോട് ചോദിച്ചപ്പോള്‍ ഹര്‍ത്താല്‍ കേരളത്തിനും ബാധകമാണെന്നും അതിന്‍റെ സ്വഭാവം എന്തായിരിക്കുമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ക്കിടയില്‍ ഹര്‍ത്താല്‍ നടത്തണ്ട എന്ന അഭിപ്രായം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് എല്‍ ഡി എഫ് ഉപസമിതിയോഗം ഇന്നു ചേര്‍ന്ന് ജൂലൈ അഞ്ചിന് സംസ്ഥാനത്തും ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനമെടുത്തത്.