ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്തതിന്റെ വൈരാഗ്യം മൂലമാണ് കേസ് അട്ടിമറിച്ചവര്‍ക്കെതിരെ ഇതുവരെയും ഒരു നടപടിയുമെടുക്കാത്തത്.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. പല പരാതികള്‍ തങ്ങള്‍ നല്‍കിയെങ്കിലും ഇന്നുവരെ പരിഹാരമൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയെ കണ്ടിട്ടും പരിഹാരമൊന്നും ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മഹിജ വ്യക്തമാക്കി.
ജിഷ്ണു കേസില്‍ തങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ട് മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയ മഹിജയെ പൊലീസ് വലിച്ചിഴച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നിരാഹാരസമരം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജിഷ്ണുവിന്റെ മരണം പൊലീസ് ആത്മഹത്യയാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ കുടുംബം കഴിഞ്ഞ മാസം ഡിജിപി സെന്‍കുമാറിനെയും കണ്ടിരുന്നു.