ജിഷയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം നടത്തിയതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

Webdunia
വ്യാഴം, 5 മെയ് 2016 (16:50 IST)
പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗമാണ് ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നത്. ഇതേ തുടർന്ന് വിശദമായ അന്വേഷണത്തിന് ജോയിന്റ് മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.
 
ജോയിന്റ് മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫെറൻസിക് വിഭാഗം മേധാവി ഡോ ശശികല എന്നിവര്‍ അടങ്ങിയ സംഘം നാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തി വിശദമായ പരിശോധനകള്‍ നടത്തും.
 
പോസ്റ്റ്മോർട്ടം നടത്തിയത് പി ജി വിദ്യാർത്ഥിയാണെന്നും അസോഷ്യറ്റ് പ്രഫസർ പൂർണമായും പങ്കെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പി ജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് തിരുത്തുകയായിരുന്നു. ‌‌
 
അതീവ ജാഗ്രത നല്‍കേണ്ട കേസില്‍ സ്ഥല പരിശോധനയ്ക്ക് അസോഷ്യറ്റ് പ്രഫസർ പോയില്ല. പകരം പി ജി വിദ്യാർത്ഥിയെയാണ് സ്ഥല പരിശോധനയ്ക്ക് അയച്ചത്. തെളിവു ശേഖരണത്തിൽ വീഴ്ച വരാന്‍ ഇത് കാരണമായി. മെഡിക്കൽ കൊളേജിൽ ക്ലാസ് എടുക്കാനുണ്ടായിരുന്നതിനാലാണ് മുഴുവന്‍ സമയം പോസ്റ്റ്മോർട്ടത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് അസോഷ്യറ്റ് പ്രഫസർ നൽകിയിരിക്കുന്ന വിശദീകരണം. ഈ വിശദീകരണത്തിൽ ആരോഗ്യ സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത്ര ഗൌരവമായൊരു കേസില്‍ പോസ്റ്റ്മോർട്ടം നടത്താതെ ക്ലാസ് എടുക്കാൻ പോയത് ന്യായീകരിക്കാൻ പറ്റില്ലെന്ന് അപ്പോള്‍ തന്നെ ഡോ ഇളങ്കോവൻ പറയുകയും ചെയ്തു.
 
മൃതദേഹം ഏറ്റു വാങ്ങിയത് പി ജി വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറുന്നതിലും കാലതാമസം വന്നു. 29ന് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് നൽകിയത് ഇന്നലെ മാത്രമാണ്. പോസ്റ്റ്മോർട്ടം വിഡിയോ ചിത്രീകരണം നടത്താത്തതും ഗുരുതരമായ ചട്ടലഘനമാണ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article