ജില്ലാ കളക്ടര്‍ മൂക്കുചെത്തുമോ?: പിണറായി

Webdunia
ബുധന്‍, 17 ഫെബ്രുവരി 2010 (20:22 IST)
PRO
വയനാട് ജില്ലാ കളക്ടര്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. കളക്ടര്‍ ആരെയും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കളക്ടറുടെ തെറ്റായ നിലപാടിനെതിരെയാണ് സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു. കൊല്ലത്ത് ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

“വയനാട് ജില്ലാ കളക്ടര്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? വയനാട്ടില്‍ എം വി ശ്രേയാംസ് കുമാറിന്‍റെ കൈവശമിരിക്കുന്ന ഭൂമി ഒഴിപ്പിക്കേണ്ടതാണെന്ന് അധികൃതരും സര്‍ക്കാരും ഹൈക്കോടതിയും പറഞ്ഞതാണ്. എന്നാല്‍ ആ ഭൂമി എങ്ങനെ ഒഴിപ്പിക്കാതിരിക്കാം എന്നാണ് കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. തെറ്റായ നടപടിയെ ചോദ്യം ചെയ്താല്‍ കളക്ടറെന്താ മൂക്ക് ചെത്തുമോ?” - പിണറായി പറഞ്ഞു.

“ശ്രേയാംസ് കുമാര്‍ എല്‍ ഡി എഫില്‍ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്‍റെ കൈയേറ്റത്തെ ചോദ്യം ചെയ്തിരുന്നു. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളാണ് ശ്രേയാംസ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്തത്. അതിനെ കൈയേറ്റമെന്നോ ബലപ്രയോഗമെന്നോ പറയാനാവില്ല” - പിണറായി വ്യക്തമാക്കി.

മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ടാറ്റയാണ്. ടാറ്റ കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തതാണ്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമേ ടാറ്റയ്ക്ക് മൂന്നാറില്‍ പ്രവര്‍ത്തിക്കാനാകൂ എന്നും പിണറായി പറഞ്ഞു.