ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ‘ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?’ - എന്ന സാംസ്കാരികമന്ത്രി കെ സി ജോസഫിന്‍റെ പരാമര്‍ശം മന്ത്രിക്ക് വലിയ കുരുക്കായി മാറുന്നു. കോടതിയലക്‍ഷ്യക്കേസില്‍ കെ സി ജോസഫ് ഫെബ്രുവരി 16ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
വി ശിവന്‍കുട്ടി എം എല്‍ എ നടത്തിയ ഹര്‍ജിയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ സി ജോസഫ് പറഞ്ഞു.
അഡ്വക്കറ്റ് ജനറല്‍ ഓഫിസിനെ വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം മന്ത്രി നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസിനെതിരെ മന്ത്രി ആഞ്ഞടിച്ചത്.
അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു കെ സി ജോസഫിന്‍റെ കുറുക്കന്‍ പരാമര്‍ശം. മുഖ്യമന്ത്രിക്കു ബന്ധമില്ലാത്ത കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്‍റ് പറയാന്‍ ജഡ്ജിക്ക് എന്താണ് അവകാശമെന്നും തന്‍റെ പോസ്റ്റില്‍ കെ സി ജോസഫ് ചോദിച്ചിരുന്നു.