ജയില്‍ അന്തേവാസികള്‍ക്ക് നല്ല ജീവിതസാഹചര്യമൊരുക്കും: തിരുവഞ്ചൂര്‍

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (15:29 IST)
PRO
PRO
ജയില്‍ അന്തേവാസികള്‍ക്ക് നിയമവിധേയമായ രീതിയില്‍ ജീവിതസാഹചര്യമൊരുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ ജയിലുകള്‍, രാജ്യത്തെ മറ്റെവിടെത്തെക്കാളും പരിഷ്കൃതമാണ്. അന്തേവാസികളുടെ സമഗ്ര മാനസിക പരിശീലനം ഉള്‍പ്പെടെയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജയിലുകളുടെ നവീകരണവുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് ജയിലുകളില്‍ വിവിധ തൊഴില്‍ പരിശീലനവും നടത്തിവരുന്നത്.ഒരു തൊഴിലെങ്കിലും പഠിക്കാത്ത ഒരന്തേവാസിപോലും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇത്തരത്തില്‍ തൊഴില്‍ പരിശീലനം നേടി ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വിഭിന്നവും വ്യത്യസ്ഥവുമായ സമീപനം സമൂഹത്തിന് കാഴ്ചവയ്ക്കാന്‍ അന്തേവാസികളെ പര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഭരണ നിര്‍മ്മാണം, പേപ്പര്‍ബാഗ് നിര്‍മ്മാണം, പൂക്കളുടെയും കരകൌശല വസ്തുക്കളുടെയും നിര്‍മ്മാണം, സീഡ് ആന്റ് നഴ്സറി യൂണിറ്റ് തുടങ്ങിയവയും വിവിധ ശാസ്ത്രീയ സംരംഭങ്ങളും അന്തേവാസികള്‍ക്കായി ജയിലില്‍ ആരംഭിച്ചിട്ടുണ്ട്.