ജയരാജന്‍റെ പ്രസംഗം കോടതിയലക്‌ഷ്യമാണോ?

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (14:23 IST)
PRO
സിപിഎം സംസ്ഥാനസമിതി അംഗം എം വി ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരമര്‍ശങ്ങള്‍ കോടതിയലക്‌ഷ്യമാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ച ജയരാജനതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. പൊതുതാല്‍പ്പര്യ ഹര്‍ജ്ജി കോടതി ഫയലില്‍ സ്വീകരിച്ചു.

എം വി ജയരാജന്‍റെ പ്രസ്താവനയെ ഗൌരവമായി കാണുന്നതായി ഹൈക്കോടതി പറഞ്ഞു. പ്രസംഗം സംബന്ധിച്ച് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ കോടതി നോട്ടീസയച്ചു. കേസ്‌ നാളെ കോടതി പരിഗണിക്കും. പൊതുനിരത്തില്‍ യോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശനിയാഴ്ച ജയരാജന്‍ രൂക്ഷമായി പ്രതികരിച്ചത്‌.

റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു ജയരാജന്‍റെ പരാമര്‍ശം. എല്‍ ഡി എഫ് ഹര്‍ത്താലിനോട് അനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ പീഠത്തിലിരുന്ന് ഏതാനും ശുംഭന്‍‌മാര്‍ പറയുന്നത് മറ്റൊന്നുമല്ല. യഥര്‍ത്ഥത്തില്‍ പറയുന്നത്. അവര്‍ തന്നെ നിയമം നിര്‍മിക്കുന്നു. അവര്‍തന്നെ ഉത്തരവുകള്‍ ഇറക്കുന്നു. ഇത് ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. കോടതി വിധികള്‍ നാടിനും ജനങ്ങള്‍ക്കുമെതിരാകുമ്പോള്‍ ആ വിധികള്‍ പുല്ലായി മാറുകയാണെന്നും ജയരാജന്‍ പറഞ്ഞു.