ജയരാജന്‍റെ പരാമര്‍ശം അലോസരപ്പെടുത്തുന്നു: ഹൈക്കോടതി

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (16:12 IST)
ജഡ്ജിമാര്‍ക്കെതിരെ പ്രസംഗിച്ച സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജനതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. വിശദമായ വാദത്തിന്‌ തയ്യാറാണെന്ന്‌ അഡ്വക്കേറ്റ്‌ ജനറലും കോടതിയെ ഇന്ന് അറിയിച്ചു.

അതേസമയം, ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ്‌ ജസ്റ്റിസ്‌ ജെ ചെലമേശ്വരും പി എന്‍ രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരുന്നു കേസ്‌ പരിഗണിച്ചത്‌.

ജയരാജന്‍റെ പ്രസ്താവന കോടതിയലക്‌ഷ്യമാണോയെന്ന് പരിശോധിച്ച്‌ വിശദീകരണം നല്‍കണമെന്ന്‌ എ ജിയോട്‌ കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. തൃശൂരിലെ ഓള്‍ കേരള നിയമസഹായ വേദിക്കു വേണ്ടി അഡ്വക്കേറ്റ്‌ സി ഐ എഡിസണാണ്‌ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്‌.

ശനിയാഴ്ച എല്‍ഡിഎഫ്‌ ഹര്‍ത്താലിനിടെയാണ്‌ എം വി ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരായ വിവാദ പ്രസംഗം നടത്തിയത്‌. നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിന്‌ പകരം ഏതാനും ചില ശുംഭന്മാര്‍ ഇവിടെ നിയമം നിര്‍മ്മിക്കുകയാണെന്നായീരുന്നു ജയരാജന്‍റെ വിവാദ പ്രസ്താവന.