ശബരിമല ദേവപ്രശ്നവിവാദത്തില്‍ കന്നഡ നടി ജയമാലക്കെതിരായ കേസ് ഹൈക്കോടതി വ്യാഴാഴ്ച റദ്ദാക്കി. കേസില്‍ ക്രൈംബ്രാഞ്ച് തനിക്കെതിരായ തയ്യാറാക്കിയ കുറ്റപത്രം കാലഹരണപ്പെട്ടതാണെന്ന ജയമാലയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതിയുടെ ഈ ഉത്തരവ്. 2009-ല്‍ അന്വേഷണം ആരംഭിച്ച കേസില്‍ 2011-ല്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ജയമാല വാദിച്ചു.
ജസ്റ്റിസ് തോമസ് പി ജോസഫാണ് കേസ് റദ്ദാക്കിയത്. നിയമം അനുശാസിക്കുന്ന കാലയളവ് കഴിഞ്ഞതിന് ശേഷമാണ് ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ജയമാല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുറ്റപത്രം വൈകാനുണ്ടായ കാരണം ബോധിപ്പിച്ച് ക്രൈംബ്രാഞ്ചിന് മജിസ്ട്രേറ്റ് കോടതിയെ വീണ്ടും സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്‌ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിയന്ത്രണമുള്ള ശബരിമല ക്ഷേത്രത്തില്‍ താന്‍ ദര്‍ശനം നടത്തി അയ്യപ്പവിഗ്രഹത്തില്‍ തൊട്ടതായുളള ജയമാലയുടെ വെളിപ്പെടുത്തലാണ് കേസിലേക്ക് നയിച്ചത്. കേസില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ഒന്നാം പ്രതിയും സഹായി രഘുപതി രണ്ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമാണ്. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് കേസുള്ളത്.
2006- ല്‍ ശബരിമലയില്‍ ദേവപ്രശ്നം നടത്തിയപ്പോള്‍ സന്നിധാനത്ത് സ്‌ത്രീസാന്നിധ്യം ഉണ്ടായെന്ന് പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പറഞ്ഞിരുന്നു. ജയമാല ഉണ്ണിക്കൃഷ്ണപ്പണിക്കരുമായി ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ കുറ്റപത്രത്തില്‍ പറയുന്നത്.