ജനസമ്പര്‍ക്ക പരിപാടി ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പു നാടകമെന്ന് കോടിയേരി

Webdunia
ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (13:04 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പു നാടകമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജനസമ്പര്‍ക്ക പരിപാടി ജനത്തെ കബളിപ്പിക്കാനുളളതാണ്. ഇതു എല്‍ഡിഎഫ് ഉപരോധിക്കുമെന്നും കോടിയേരി പറഞ്ഞു. അഞ്ചര കോടി രൂപ മുടക്കിയാണ് കഴിഞ്ഞ തവണ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തിയത്.

24 കോടി രൂപയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഓഫീസ് മുറിയിലിരുന്ന് കെ എം മാണി കാരുണ്യ പദ്ധതിയിലൂടെ 200 കോടി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ചികിത്സാ സഹായം നല്‍കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്നില്ല. ഓഫീസിലിരുന്നും ചെയ്യാവുന്ന കാര്യമാണ്. വില്ലേജ് ഓഫീസുകള്‍ വഴി വിതരണം ചെയ്തിരുന്ന പണമാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കുന്നത്. വിഎസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ 25 കോടി രൂപ വീതം വര്‍ഷംതോറും ദുരിതാശ്വാസ നിധിയില്‍നിന്നും നല്‍കിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.

ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ എത്തുന്ന മുഖ്യമന്ത്രി പതിനായിരക്കണക്കിന് പേരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്റെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച മുതലാണു ജനസമ്പര്‍ക്ക പരിപാടിക്കു മുഖ്യമന്ത്രി വീണ്ടും തുടങ്ങുന്നത്. ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കേ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ സമരം നടത്താന്‍ കഴിയൂവെന്നാണ് എല്‍ഡിഎഫ് പ്രതിഷേധത്തെകുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.