ജനതാദള്‍ യു നേതാവ് വെട്ടേറ്റു മരിച്ചു; തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (09:21 IST)
രാത്രി കാറിലെത്തിയ സംഘം ജനതാദള്‍ യു നേതാവിനെ റേഷന്‍ കടയില്‍ കയറി വെട്ടിക്കൊന്നു. ജനതാദള്‍ യു, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പി ജി ദീപകാണ് വെട്ടേറ്റു മരിച്ചത്. 46 വയസ്സ് ആയിരുന്നു. പഴുവില്‍ സെന്‍ററില്‍ റേഷന്‍കട നടത്തുന്ന ദീപകിന് നേരെ ചൊവ്വാഴ്ച്ച രാത്രി എട്ടേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്.
 
ദീപകിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനതാദള്‍ തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
 
ദീപക് കടയില്‍ ഇരിക്കുമ്പോള്‍ കാറിലത്തെിയ സംഘം മാരകായുധങ്ങളുമായി കടയിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് പുറത്തേക്കോടിയ ദീപകിനെ അവിടെ വെച്ചും വെട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കാറിലത്തെിയവര്‍ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരാണ് ദീപകിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. എന്നാല്‍, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.