ജഗതിയെ വെല്ലൂരിലേക്ക് കൊണ്ടുപോയി

Webdunia
വ്യാഴം, 12 ഏപ്രില്‍ 2012 (12:44 IST)
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോയി. മിംസ്‌ ആശുപത്രിയില്‍ നിന്ന്‌ വ്യാഴാഴ്ച രാവിലെ പ്രത്യേക ആംബുലന്‍സില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും തുടര്‍ന്ന്‌ എയര്‍ആംബുലന്‍സ്‌ വഴി വെല്ലൂരിലേക്ക്‌ കൊണ്ടുപോവുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച വെല്ലൂരിലേക്ക്‌ മാറ്റാന്‍ തയാറെടുത്തിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ബോധം പൂര്‍ണമായും വീണ്ടു കിട്ടിയിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതിയില്‍ നല്ലപുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫിസിയോതെറാപ്പിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ അദ്ദേഹത്തെ വെല്ലൂരിലേക്ക്‌ മാറ്റുന്നത്‌. നേരത്തെ വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിംസ്‌ ആശുപത്രിയില്‍ എത്തി ജഗതിയെ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ എറ്റെടുത്തിരുന്നു.

മാര്‍ച്ച് പത്തിനാണു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച്‌ ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്‌. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു സര്‍ജറികള്‍ക്ക് വിധേയനാക്കിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിലെ നാഡീ വ്യൂഹത്തിനേറ്റ പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്‌. ഇതിനിടെ, ജഗതിക്കൊപ്പം പരുക്കേറ്റ ഡ്രൈവര്‍ അനില്‍കുമാറിനെ കഴിഞ്ഞ ആഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു.