ചേര്‍ത്തല: ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

Webdunia
ബുധന്‍, 27 ഏപ്രില്‍ 2011 (09:24 IST)
PRO
PRO
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൂട്ട സിസേറിയന്‍ നടന്ന സംഭവത്തില്‍ ആരോപണം നേരിടുന്ന ഡോക്ടര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡോ വിമലമ്മ ജോസഫ് ആണ് ഹര്‍ജി നല്‍കിയത്. ആരോപണത്തെത്തുടര്‍ന്ന് ഇവരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി.

ഏപ്രില്‍ 19, 20 തീയതികളില്‍ ഈ ഡോക്ടര്‍ ഗര്‍ഭിണികളെ കൂട്ട സിസേറിയന് വിധേയരാക്കി എന്നാണ് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ രേഖകളും ഇവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

ഈ ഡോക്ടര്‍ക്ക് പുറമെ ആശുപത്രി സൂപ്രണ്ട് ഡോ രാജേന്ദ്രപ്രസാദ്‌, ഡോ സിസിലിയാമ്മ തോമസ്‌, ഡോ ഹയറുന്നീസ എന്നീ ഡോക്ടര്‍മാരെയും സ്ഥലം മാറ്റിയിരുന്നു. മലപ്പുറം, വയനാട്‌ ജില്ലകളിലേക്കാണ്‌ ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനായി ഇവര്‍ ഗര്‍ഭിണികളെ കൂട്ട സിസേറിയന് വിധേയരാക്കിയതായി ഡി എം ഒയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 21 പ്രസവ ശസ്ത്രക്രിയകള്‍ ആണ് ഇവര്‍ നടത്തിയത്.