ചെന്നിത്തല- ലീഗ് പിണക്കം മാറുന്നു

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (19:09 IST)
PRO
PRO
കോഴിക്കോട്ടെ വിവാദ പ്രസംഗത്തിന് ശേഷം കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ലീഗുമായുള്ള പിണക്കം മാറുന്നതായി സൂചന. ഈ മാസം 28ന് കോഴിക്കോട്ട് നടക്കുന്ന സിഎച്ച് അനുസ്മരണ സമ്മേളത്തില്‍ ചെന്നിത്തല പങ്കെടുക്കും. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലീഗിന്റെ നിലപാട് മാറ്റത്തിന്റെ സൂചനയാണ് കോഴിക്കോട്ടെ പരിപാടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് അടുത്ത കാലത്തായി ലീഗിനുള്ളില്‍ ഉയരുന്ന വിമര്‍ശനം. ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുന്നതിന് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുന്നതായും ലീഗില്‍ ആക്ഷേപമുണ്ട്. ചെന്നിത്തലയുടെ വിവാദമായ കോഴിക്കോട് പ്രസംഗം പോലും ഇതിന്റെ ഭാഗമാണെന്ന് ലീഗ് കരുതുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഗ്രൂപ്പിനതീതമായും വേണ്ടി വന്നാല്‍ ഐ ഗ്രൂപ്പിനൊപ്പം നില്‍ക്കാനുമാണ് ലീഗിനുള്ളിലെ ധാരണ.

ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന സാമുദായിക് ആക്രമണവും ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായാണ് ഈ മാസം 28ന്കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സിഎച്ച് അനുസ്മരണ യോഗത്തില്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് രമേശ് ലീഗിന് ഉറപ്പും നല്‍കി

മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും രമേശ് ചെന്നിത്തലയുമായി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.