ചെന്നിത്തലയുടെ മുറിയില്‍ ആത്മഹത്യാശ്രമം!

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2011 (14:52 IST)
കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ഓഫീസ് മുറിയില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെ പി സി സി ആസ്ഥാനത്ത് പ്രസിഡന്‍റിന്‍റെ മുറിയില്‍ കടന്നുകയറിയ ആക്കുളം സ്വദേശിയായ മോഹന്‍‌ദാസ് എന്ന യുവാവ് ശരീരത്ത് മണ്ണെണ്ണയൊഴിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

തന്നെ രണ്ട് കള്ളക്കേസുകളില്‍ രമേശ് ചെന്നിത്തല കുടുക്കിയെന്നാരോപിച്ചായിരുന്നു മോഹന്‍‌ദാസിന്‍റെ ആത്‌മഹത്യാശ്രമം. കള്ളക്കേസുകള്‍ കാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നുമായിരുന്നു യുവാവിന്‍റെ ഭീഷണി.

ആദ്യം കെ പി സി സി ഓഫീസ് ജീവനക്കാരും പിന്നീട് പൊലീസും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ നേരത്തേ ശ്രമഫലമായി മോഹന്‍‌ദാസ് പൊലീസിന് കീഴടങ്ങി.

മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ ഇയാള്‍ രമേശ് ചെനിത്തലയ്ക്കെതിരെ ആക്ഷേപങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.