രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി യുഡിഎഫിലേക്ക് വ്യാപിക്കുന്നു. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെതിരെ ഘടകകക്ഷിയായ മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണിത്. സിഎംപിയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ലീഗിന്റെ നിലപാട് യുഡിഎഫിനെ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് ഉറപ്പാണ്. ഘടകകക്ഷികളോട് ആലോചിക്കാതെയാണ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിസ്ഥാനംതീരുമാനിച്ചതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ല. മാധ്യമവാര്‍ത്തയിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞത്. തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.
ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് മാത്രം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ലീഗിനും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ ലീഗിന് തങ്ങളുടെ സ്ഥാനം നഷ്ടമാകും എന്ന ആശങ്കയുണ്ട്. വ്യാഴാഴ്ച ചേരുന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.