ചാരക്കേസ്: സര്‍ക്കാരിന് നോട്ടീസ്

Webdunia
വ്യാഴം, 10 ജനുവരി 2013 (05:59 IST)
PRO
PRO
ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.

കേസ് ആദ്യം അന്വേഷിച്ചത് സംസ്ഥാന പോലീസിന്റെ പ്രത്യേകസംഘമാണ്. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് അത് അവസാനിപ്പിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സര്‍ക്കാരിന് സിബിഐ ശിപാര്‍ശ നല്‍കിയിരുന്നു. സിബിഐ നിലപാടിനെ സുപ്രീംകോടതി ശരിവെച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് 2011 ജൂണ്‍ 29ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

രാഷ്ട്രീയ സ്വാധീനത്തിലാണ് ഇങ്ങനെയാരു തീരുമാനം സര്‍ക്കാര്‍ എടുത്തതെന്നും അത് റദ്ദാക്കണമെന്നുമാണ് നമ്പി നാരായണന്റെ ആവശ്യം. മുന്‍ അഡീഷണല്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി. മാരായ വിജയന്‍, പി.കെ. ജോഷ്വ എന്നിവര്‍ക്ക് എതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അന്വേഷണം ഉപേക്ഷിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ പല കാര്യങ്ങളും വെളിച്ചം കാണാത്ത സ്ഥിതിയിലാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞു.