സൂര്യനെല്ലി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ കഴിഞ്ഞ ദിവസം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടത് കേരളാ പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ധര്‍മ്മരാജനെ പിടികൂടാന്‍ ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചു.
കോട്ടയം എസ്പിക്കാണ് പ്രത്യേക സംഘത്തിന്റെ ചുമതല. പൊന്‍കുന്നം സിഐ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും. ധര്‍മ്മരാജന്‍ എത്താനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ ധര്‍മ്മരാജനെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൈസൂരില്‍ വച്ചാണ് ധര്‍മ്മരാജന്‍ മാതൃഭൂമി ചാനലില്‍ പി ജെ കുര്യനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.
ഫെബ്രുവരി 19 ന് തന്റെ അംബസിഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയത്. കുര്യന്‍ ചങ്ങനാശേരിയില്‍ ഉണ്ടായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ നുണ പറഞ്ഞതാണ്. കുര്യനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമായിരുന്നു അതൊക്കെ. ബാജി എന്നറിയപ്പെടുന്നത് അവിടെയുള്ള വേറെ ഒരു പയ്യനാണെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി.
ഞാനെന്തിനാണ് കള്ളം പറയുന്നതെന്നും ധര്‍മ്മരാജന്‍ പ്രതികരിക്കുന്നു. കേസില്‍ നിന്ന് കുര്യന്‍ മാത്രം രക്ഷപ്പെട്ടു. ആദ്യഘട്ടത്തില്‍ തന്നെ കുര്യന്റെ പേരു പറഞ്ഞു. തല്ലു കൊണ്ട ഞങ്ങളെല്ലാം പൊട്ടന്‍മാരാണോയെന്നും ധര്‍മ്മരാജന്‍ ചോദിക്കുന്നു.
സിബി മാത്യൂസ് വേണ്ടാത്ത പണിയാണ് കാണിച്ചത്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് കുര്യന്റെ പേര് വിട്ടു കളഞ്ഞതെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി.