ന്യൂഡല്‍ഹി: ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സീറ്റു വിഭജനം നടത്തുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോക്സഭാ സീറ്റ് വിഭജനകാര്യത്തില്‍ ഘടകകക്ഷികള്‍ക്കുമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല. സിറ്റിങ് എംപിമാര്‍ എല്ലാവരും മല്‍സരിക്കണമോയെന്ന് യുഡിഎഫിലെ ചര്‍ച്ചയ്ക്കു ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആവശ്യപ്പെടാന്‍ ഘടകകക്ഷികള്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെ കോണ്‍ഗ്രസിനും സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കൂ.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പോലെയല്ല ലോക്സഭ തെരഞ്ഞെടുപ്പ്. മുന്നണി വിപുലീകരണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.