ഗ്രാമീണ സേവനത്തിനായി പ്രത്യേക മെഡിസിന്‍ കോഴ്സ് ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധത്തില്‍ പങ്കുചേരും. പ്രതിഷേധത്തിന്‍റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഇന്ന് ഡ്യൂട്ടിക്കെത്തുക.
ഗ്രാമീണ സേവനത്തിനായി ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബിആര്‍എംഎസ്) എന്ന പേരില്‍ കോഴ്സ് തുടങ്ങാന്‍ ഏതാനും ദിവസം മുന്‍പാണ് കേന്ദ്രം തീരുമാനിച്ചത്. മൂന്നര വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. കോഴ്സ് അശാസ്ത്രീയമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആരോപണം. കോഴ്സ് രണ്ട് തരത്തിലുള്ള ചികിത്സാ സമ്പ്രദായത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ 27ആം തീയതി രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
എന്നാല്‍, പുറത്തുനിന്ന് വരുന്ന ഡോക്ടര്‍മാര്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മെഡിക്കല്‍ കൗണ്‍സില്‍ ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ യോഗം വിളിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കോഴ്‌സിന് പ്ലസ്‌ടുവരെ ഗ്രാമത്തില്‍ പഠിച്ച വിദ്യാര്‍ഥികളെ മെറിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.