ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച വീട്ടമ്മമാരെ ഭീതിയിലാഴ്ത്തുന്നു

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (17:03 IST)
PRO
PRO
എറണാകുളത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ച്ച പതിവായതോടെ വീട്ടമ്മമാര്‍ ഭീതിയില്‍. ചോര്‍ച്ചയുള്ള സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന്‌ മൂന്നുപേര്‍ക്ക്‌ പൊള്ളലേറ്റ സംഭവം കഴിഞ്ഞദിവസമാണ്‌ കുണ്ടന്നൂരിലുണ്ടായത്‌. തൊട്ടുപിന്നാലെ സമീപത്തുതന്നെയുള്ള മറ്റൊരു വീട്ടില്‍ ലഭിച്ച സിലിണ്ടറും ചോരുന്നതായി കണ്ടെത്തിയത്‌ വീട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌.

മണലോടി മുകുന്ദന്റെ വീട്ടിലാണ്‌ ചോര്‍ച്ചയുള്ള സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന്‌ മൂന്ന്പേര്‍ക്ക്‌ പരുക്കേറ്റത്‌. ആദ്യം അപകടം നടന്ന വീട്ടില്‍ സിലിണ്ടര്‍ നല്‍കിയ അന്നേദിവസം തന്നെയാണ്‌ സമീപത്തെ പഴുതറ പുരുഷന്റെ വീട്ടിലും ഗ്യാസ്‌ വിതരണം ചെയ്തത്‌. റെഗുലേറ്റര്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇവിടെയും ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌.

തുടര്‍ന്ന്‌ തൃപ്പൂണിത്തുറയിലെ രശ്മി ഏജന്‍സിയില്‍ വിവരം അറിയിച്ചു. അവര്‍ പരിശോധനക്കായി എത്തും എന്നറിയിച്ചിരുന്നെങ്കിലും ഇതിനിടെയാണ്‌ അയല്‍ വീട്ടില്‍ അപകടം സംഭവിച്ചത്‌. ചോര്‍ച്ചയുള്ള സിലിണ്ടര്‍ തിരിച്ചുനല്‍കി പകരം മറ്റൊരു സിലിണ്ടര്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി ഏജന്‍സി അറിയിച്ചു.