ഗണേഷ് മാറിയില്ലെങ്കില്‍ കസേരമാറ്റും: പിള്ള

Webdunia
വ്യാഴം, 19 ഏപ്രില്‍ 2012 (14:26 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി)യിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രസ്താവനയുമായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. ഗണേഷ്കുമാര്‍ മാറിയില്ലെങ്കില്‍ ഇരിക്കുന്ന കസേരയ്ക്ക് മാറ്റംവരുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ചനടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിള്ളയും ഗണേഷ്കുമാറും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത് പരിഹരിച്ചതിന് പിന്നാലെയാണ് പിള്ളയുടെ പുതിയ പ്രസ്താവന. പ്രശ്നപരിഹാര ഫോര്‍മുലയനുസരിച്ച് ഗണേഷിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ മാറ്റം വരുത്താനും ഗണേഷുമായി അടുപ്പമുണ്ടായിരുന്നവരുടെ സസ്പെന്‍ഷന്‍ പിന്‍‌വലിക്കാനും കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.

യു ഡി എഫില്‍ ഒരു പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും ഗണേഷ് അറിയിച്ചിരുന്നു. പാര്‍ട്ടിയുമായി തനിക്ക് പ്രശ്നമുണ്ടെന്ന് ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയുമായി ഒരു പിണക്കവുമില്ല. സാംസ്കാരിക സ്ഥാപനങ്ങളില്‍ അധ്യക്ഷന്‍‌മാരെ നിയമിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്നും അക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസുമായി ആലോചിച്ചിട്ടുണ്ടെന്നും ഗണേഷ് വ്യക്തമാക്കി.