ഗണേഷ് കരാര്‍ ലംഘിച്ചു: യാമിനി

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (18:30 IST)
PRO
ഒത്തുതീര്‍പ്പിനായി തയ്യാറാക്കിയിരുന്ന കരാര്‍ കെ ബി ഗണേഷ്കുമാര്‍ ലംഘിച്ചതായി ഭാര്യ യാമിനി തങ്കച്ചി. തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യാമിനി ഇങ്ങനെ പറയുന്നത്. ഇരുവരും നേരിട്ടോ അല്ലാതെയോ പരസ്പരം അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്ന കരാറാണ് ഗണേഷ് ലംഘിച്ചതെന്നാണ് യാമിനി ആരോപിക്കുന്നത്.

കക്ഷികള്‍ രണ്ടുപേരും നേരിട്ടോ അല്ലാതെയോ പരസ്പരം അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്നായിരുന്നു ഗണേഷും യാമിനിയും തമ്മില്‍ ഉണ്ടാക്കിയിരുന്ന കരാര്‍. എന്നാല്‍ ഗണേഷ് ഇത് ലംഘിച്ചു എന്നാണ് യാമിനിയുടെ പരാതി. കരാര്‍ ഒപ്പിട്ട് അധികം വൈകും മുമ്പ് ഗണേഷും പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടായി എന്നാണ് യാമിനി സത്യവാങ്മൂലത്തില്‍ പറയുന്നത്.

അതേസമയം, ഗണേഷ്കുമാറിനും യാമിനി തങ്കച്ചിക്കും തിങ്കളാഴ്ച കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. തിരുവനന്തപുരം കുടുംബക്കോടതിയാണ് ഇരുവരെയും രൂക്ഷമായി വിമര്‍ശിച്ചത്. കോടതിയില്‍ ഹാജരാകാതെ ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരും ചൊവ്വാഴ്ച കൌണ്‍സിലിംഗിനായി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഏപ്രിലിലാണ് ഗണേഷും യാമിനിയും സംയുക്ത വിവാഹമോചനക്കേസ് സമര്‍പ്പിച്ചത്. ഇരുവരും കൌണ്‍സിലിംഗിനായി ഹാജരാകാന്‍ കോടതി ഒരു തീയതി അറിയിച്ചിരുന്നു. എന്നാല്‍ കൌണ്‍സിലിംഗിന് ഇരുവരും ഹാജരായില്ല. കൌണ്‍സിലിംഗ് ആവശ്യമില്ലെന്നും നേരിട്ട് വിവാഹമോചനം അനുവദിക്കണമെന്നുമായിരുന്നു ഗണേഷിന്‍റെ നിലപാട്.

എന്നാല്‍ കൌണ്‍സിലിംഗിന് ഹാജരാകാതെ വിവാഹമോചനം നല്‍കാനാവില്ലെന്ന് കുടുംബക്കോടതി അറിയിച്ചു. ചൊവ്വാഴ്ച കൌണ്‍സിലിംഗിന് ഹാജരാകാന്‍ ഇരുവരോടും നിര്‍ദ്ദേശിക്കുകയും ചെയ്തു.

വിവാഹമോചനത്തിനായി കോടികളുടെ സ്വത്താണ് ഗണേഷ്കുമാര്‍ യാമിനിക്ക് നല്‍കുന്നത്. ഇതില്‍ വഴുതയ്ക്കാട്ടെ രണ്ടുനില വീട് നിലനില്‍ക്കുന്ന പത്തു സെന്‍റ് സ്ഥലവും ഉള്‍പ്പെടുന്നു.

വിവാഹമോചനം ലഭിച്ചുകഴിഞ്ഞാല്‍ ഗണേഷ്കുമാറിന്‍റെ മത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ തീരുമാനം.