ക്വാറി കോഴ: നരസയ്യ കൊടിക്കുന്നിലിനെ കണ്ടതെന്തിന്?

Webdunia
ശനി, 13 ഏപ്രില്‍ 2013 (19:01 IST)
PRO
PRO
കേരളത്തിലെ വിവിധ ക്വാറി ഉടമകളില്‍ നിന്നും വന്‍തുക കൈക്കൂലി വാങ്ങിയതിന് സിബിഐ അറസ്റ്റു ചെയ്ത ഖനി തൊഴിലാളി സുരക്ഷവകുപ്പ് ഡയറക്ടര്‍ എം നരസയ്യ പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ബന്ധങ്ങളെല്ലാം നിയമവിരുദ്ധവും ക്വാറി ഉടമകള്‍ക്ക് അനുകൂലമായ നിലപാടുമാണ് നരസയ്യയെ സിബി‌ഐയുടെ നോട്ടപ്പുള്ളിയാക്കിയത്. നരസയ്യയ്‌ക്കൊപ്പം ചില ക്വാറി ഉടമകളും മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എത്തിയിരുന്നു. തൊഴില്‍ മന്ത്രാലയത്തിനു കീഴിലാണ് പാറമടകളിലെ തൊഴിലാളികളുടെ സുരക്ഷ പരിശോധിക്കുന്ന വകുപ്പുള്ളത്. വകുപ്പിന്റെ ദക്ഷിണേന്ത്യയിലെ മേധാവിയാണ് നരസയ്യ.

എന്നാല്‍ നരസയ്യ തന്നെ വന്നു കണ്ടതിനോട് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കൊടിക്കുന്നിലിന്റെ മറുപടി. തന്റെ വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താറുണ്ട്. അതെല്ലാം മാധ്യമങ്ങളെ അറിയിക്കേണ്ട ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എന്നാല്‍ ഇതെക്കുറിച്ചും സിബി‌ഐ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.

കൊച്ചിയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് ഇയാള്‍ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. പലതവണയായി ഇയാള്‍ ഒരു കോടി രൂപയോളം കൈക്കൂലി വാങ്ങിയിരുന്നു. നാലു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈപ്പറ്റുന്നതിനായി കൊച്ചിയില്‍ എത്തിയ ഇയാള്‍ മേലുദ്യോഗസ്ഥനെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഹോട്ടല്‍ മുറിയിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.ഇതാണ് ഇയാളെ കുടുക്കിയത്.