കൌമാരക്കാരിയുടെ മരണം: മുന്‍ എംഎല്‍എ അറസ്റ്റില്‍

Webdunia
വെള്ളി, 13 ജൂലൈ 2012 (11:00 IST)
PRO
PRO
പീരുമേട്‌ തോട്ടം മേഖലയിലെ പാമ്പനാര്‍ ഹോപ്‌ പ്ലാന്റേഷനിലെ ലാഡ്രം ഡിവിഷനില്‍ നിന്നുള്ള സത്യ (15) എന്ന പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ എംഎല്‍എ അറസ്‌റ്റില്‍. തെരമ്പല്ലൂര്‍ മുന്‍ എംഎല്‍എ രാജ്‌കുമാര്‍ ആണ് അറസ്റ്റിലായത്. രാജ്‌കുമാറിന്റെ വീട്ടില്‍ ജോലിക്ക്‌ നിന്ന സത്യ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രാജ്‌കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ സഹായികളായ അന്‍പരശന്‍, മഹേന്ദ്ര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇടനിലക്കാര്‍ വഴിയാണ് സത്യയെ രാജ്കുമാറിന്റെ വീട്ടില്‍ എത്തിച്ചത്. അവിടെ വീട്ടുജോലിക്ക്‌ നിന്ന സത്യയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാതാപിതാക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. സത്യ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.