കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് വിലക്ക്

Webdunia
വെള്ളി, 30 ഏപ്രില്‍ 2010 (15:43 IST)
PRO
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് വിലക്ക്. തിരുവനന്തപുരത്ത് ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തിലാണ് ഇനി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് തീരുമാനമുണ്ടായത്. ഇക്കാര്യത്തില്‍ എ ഐ സി സി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഐക്യത്തോടെ പ്രവര്‍ത്തിച്ചുവന്ന സംഘടനയാണ് കോണ്‍ഗ്രസ്. ഐക്യവും അച്ചടക്കവും നിലനിര്‍ത്തി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തേണ്ട ചുമതല യൂത്ത് കോണ്‍ഗ്രസിനാണ്. അതില്‍ ഇടപെട്ട് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കില്ല.

ഗ്രൂപ്പ് യോഗം ചേരുക, പരസ്യ പ്രസ്താവന നടത്തുക ടി വി ചര്‍ച്ച നടത്തുക എന്നിവയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒഴിഞ്ഞു നില്‍ക്കണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് മേയ് 10ന് ബൂത്ത് തലത്തിലും, 17ന് മണ്ഡലങ്ങളിലും, 22ന് ബ്ലോക്കുകളിലും, 29ന് ജില്ലാ കമ്മിറ്റികളിലും തെരഞ്ഞെടുപ്പ് നടക്കും. കെ പി സി സി അധ്യക്ഷന്‍റെയും എ ഐ സി സി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് എ ഐ സി സി പിന്നീട് പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസനവിരുദ്ധനയങ്ങള്‍ക്കെതിരെയും അഴിമതി, ക്രമസമാധാനത്തകര്‍ച്ച, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചും മേയ് അഞ്ചാം തീയതി ജില്ലാ കളക്ടറേറ്റുകള്‍ പിക്കറ്റു ചെയ്യാനും ആറാം തീയതി സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്യാനും കെ പി സി സി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.