കോച്ച് ഫാക്‌ടറി: സ്ഥലം വേഗത്തില്‍ കണ്ടെത്തുമെന്ന് റവന്യൂമന്ത്രി

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2009 (15:47 IST)
PRO
പാലക്കാട്ടെ കഞ്ചിക്കോട് സ്ഥാപിക്കാനിരിക്കുന്ന നിര്‍ദിഷ്ട റെയില്‍ കോച്ച് ഫാക്‌ടറിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്ന് സംസ്ഥാന റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരും, റെയില്‍വേ ബോര്‍ഡും നിശ്ചയിക്കുന്ന സമയത്തിനകം കോച്ച് ഫാക്‌ടറിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കും. സ്ഥലം ഏറ്റെടുത്തു നല്‍കുമ്പോള്‍ ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും.

സംസ്ഥാനത്തെ പ്രധാന പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. സര്‍ക്കാരിന്‌ സാധ്യമായതില്‍ ഏറ്റവും മികച്ച രീതിയിലായിരിക്കും ഏറ്റെടുക്കല്‍ നടപ്പക്കുകയെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്ടെ കഞ്ചിക്കോട്ട്‌ റയില്‍വേ കോച്ച്‌ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ ആസൂത്രണ കമ്മിഷന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മൊത്തം 1215 കോടി 76 ലക്ഷം രൂപയുടേതാണു പദ്ധതി. കേന്ദ്രറയില്‍വേ സഹമന്ത്രി ഇ അഹമ്മദും ആസൂത്രണക്കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ ആലുവാലിയയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു അനുമതി ലഭിച്ചത്‌.

എന്നാല്‍, കേരളസര്‍ക്കാര്‍ കോച്ച്‌ ഫാക്‌ടറിക്കു വാഗ്ദാനം ചെയ്‌ത സ്ഥലം ഇനിയും നല്‍കിയിട്ടില്ലെന്നു മന്ത്രി അഹമ്മദ്‌ ഇന്നലെ പറഞ്ഞിരുന്നു. ഈ സ്ഥലം ലഭിക്കാതെ പണി തുടങ്ങാനാവില്ലെന്നും ഇന്നലെ അഹമ്മദ് പറഞ്ഞിരുന്നു.