കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ സംഘര്‍ഷം

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2009 (13:10 IST)
ആശുപത്രി നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഡി വൈ എഫ്‌ ഐ, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലം ഇ എസ് ഐ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്‍ വാതിലിലൂടെ ആശുപത്രിയില്‍ പ്രവേശിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞു വെച്ചു.

രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാ‍ണ് ആദ്യം ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാ‍ല്‍ ഇവരെ ഗേറ്റില്‍ ആശുപത്രി അധികൃതരും പോലീസും തടഞ്ഞു. തുടര്‍ന്ന്, ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആശുപത്രിയുടെ പിന്‍ ഭാഗത്തു കൂടി അകത്തു കടക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ക്ഷുഭിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിക്കുള്ളില്‍ കടന്നു. ആശുപത്രിയിലേയ്‌ക്ക്‌ അതിക്രമിച്ചുകടന്ന പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ഗേറ്റും സൂപ്രണ്ടിന്‍റെ ഓഫീസും അടിച്ചുതകര്‍ത്തു. പിന്നീട് പോലീസെത്തി ഇരു വിഭാഗങ്ങളെയും മാറ്റി.