ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതിയായ ക്വട്ടേഷന്‍ തലവന്‍ കൊടി സുനിയുമായി താന്‍ ഒരു മിനിറ്റ് പോലും സംസാരിച്ചിട്ടില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണം മുതിര്‍ന നേതാക്കളിലേക്ക് വന്നാല്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
“കൊടി സുനിയുമായി യാതൊരു പരിചയവും എനിക്കില്ല. സുനിയുമായി ഒരു മിനിറ്റ് പോലും സംസാരിച്ചിട്ടില്ല” - പി ജയരാജന്‍ വ്യക്തമാക്കി.
പൊലീസ് ഇപ്പോള്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്കുവേണ്ടി ഏജന്‍സിപ്പണി ചെയ്യുകയാണ്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം മുതിര്‍ന്ന നേതാക്കളിലേക്ക് നീണ്ടാല്‍ നേരിടുകതന്നെ ചെയ്യും - പി ജയരാജന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റ് ചെയ്യുന്നതിനും പ്രതിചേര്‍ക്കുന്നതിനുമായി യു ഡി എഫ് ഗൂഢാലോചന നടത്തിയെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം എളമരം കരീം ആരോപിച്ചു. യു ഡി എഫിന്‍റെ തിരക്കഥ അനുസരിച്ചാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.