ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് സി പി എം മെമ്പര്‍ഷിപ്പില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് പറയപ്പെടുന്നവരില്‍, പാര്‍ട്ടിക്ക് ബന്ധമുള്ളവര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. ‘കണ്ണൂരിലെ കാര്യം മാത്രമെ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കൂ. കോഴിക്കോട്ടേത് അന്വേഷിക്കണം’ - ബിഗ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ നിലപാട് വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം സി പി എമ്മിന്‍റെ രണ്ട് ഏരിയാ കമ്മിറ്റികള്‍ ആലോചിച്ച് ചെയ്‌തതാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നത്. സി പി എമ്മിന്‍റെ ഒരു ഏരിയാ കമ്മിറ്റിയും ആളുകളെ ആക്രമിക്കാനോ കൊല്ലാനോ ഉള്ള തീരുമാനം കൈക്കൊള്ളില്ല. അതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി. അപ്പോള്‍, ഭരണ രാഷ്‌ട്രീയത്തിന്‍റെ സമ്മര്‍ദ്ദഫലമായി സി പി എം വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുകയാണ് അന്വേഷണ സംഘം. രണ്ട് പാര്‍ട്ടി നേതാക്കന്‍മാരെ കേസില്‍പ്പെടുത്താനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത് - പി ജയരാജന്‍ അഭിമുഖത്തില്‍ പറയുന്നു.
ഈ കേസില്‍ സി പി എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ഒരു നീക്കം നടക്കുന്നുണ്ട്. ഈ കൊലപാതകം സി പി എം നേതാക്കള്‍ ചെയ്‌തതാണെന്ന് കസ്റ്റഡിയില്‍ ഇരിക്കുന്ന ആളുകളെ കൊണ്ട് സമ്മതിപ്പിക്കുക. എന്നിട്ട് വലതുപക്ഷ പ്രചരണം നടക്കുന്ന മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കുക. ഇതാണ് അന്വേഷണ സംഘം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് - ജയരാജന്‍ പറഞ്ഞു.