കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയില്‍ കേരളത്തില്‍നിന്ന് മന്ത്രിയാകുന്ന കൊടിക്കുന്നില്‍ സുരേഷിന് തൊഴില്‍ വകുപ്പ് ലഭിക്കുമെന്ന് സൂചന. നേരത്തെ റെയില്‍ വകുപ്പ് ലഭിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും, ആന്ധ്രയില്‍ നിന്നുള്ള ഒരു എം പിക്ക് റെയില്‍ വകുപ്പിന്റെ സഹമന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പായി. കേരളത്തില്‍ നിന്നുള്ള മറ്റൊരംഗം ശശി തരൂരിന് മാനവശേഷി വകുപ്പ് ലഭിക്കുമെന്നാണ് അറിയുന്നത്.
ഇതോടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം എട്ടാകും. എ കെ ആന്‍റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍, കെ വി തോമസ് എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍.
പുനഃസംഘടനയുടെ ഭാഗമായി അംബികാസോണി, മുകുള്‍ വാസ്‌നിക്, മഹാദേവ് ഖണ്ഡേല, സുബോധ്കാന്ത് സഹായ്, അഗതാ സാംഗ്മ, വിന്‍സന്‍റ് പാല എന്നീ കേന്ദ്രമന്ത്രിമാര്‍ ശനിയാഴ്ച രാജിവച്ചു. വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വെള്ളിയാഴ്ച രാജിവച്ചിരുന്നു.