കൊച്ചി മെട്രോ ഡി എം ആര്‍ സിക്ക്: ആര്യാടന്‍

Webdunia
ചൊവ്വ, 10 ജൂലൈ 2012 (18:42 IST)
PRO
PRO
കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ഡി എം ആര്‍ സിയ്ക്ക് തന്നെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിര്‍മ്മാണത്തിന് ഇ ശ്രീധരന്‍ തന്നെ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയുട്ടുള്ളതാണെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി വൈകിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും ആര്യാടന്‍ പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക്‌ ഇ ശ്രീധരന്റെ സേവനം ആവശ്യമാണ്‌. ഇ ശ്രീധരന്‌ എന്തു റോള്‍ കൊടുക്കാനും സര്‍ക്കാര്‍ തയാറാണ്‌. പുതിയ ഡയറക്ടര്‍ ബോര്‍ഡ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പുതിയ ബോര്‍ഡില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഞ്ചു പ്രതിനിധികള്‍ വീതമുണ്ടാകും. ബോര്‍ഡ്‌ ചെയര്‍മാനെ കേന്ദ്ര സര്‍ക്കാരും എംഡിയെ സംസ്ഥാന സര്‍ക്കാരും നിയമിക്കുമെന്നും ആര്യാടന്‍ പറഞ്ഞു. ബോര്‍ഡ് മീറ്റിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാവുമെന്ന്‌ ഇ ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയില്‍ നിന്ന്‌ വിരമിച്ചുവെങ്കിലും കൊച്ചി മെട്രോ പദ്ധതി മുന്നില്‍ക്കണ്ട്‌ ഡിഎംആര്‍സി തന്നെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി മെട്രോ പദ്ധതിയ്ക്ക്‌ നേതൃത്വം നല്‍കുന്നതില്‍ യാതൊരു തടസവുമുണ്ടാവില്ലെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി.