ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കുപ്രസിദ്ധ ഗുണ്ട തമ്മനം ഷാജിയുടെ മുളക്പൊടി പ്രയോഗം. ഡിവൈഎഫ്ഐ വൈറ്റില ബ്ലോക്ക് സെക്രട്ടറിയെ ക്രൂരമായി മര്‍ദ്ദിച്ച തമ്മനം ഷാജിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ക്കും എസ്ഐക്കും നേരെ ഷാജി മുളക്പൊടി എറിഞ്ഞത്. ഷാജിക്കെതിരെ പൊലീസ് കേസെടുക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കി.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വൈറ്റില ബ്ലോക്ക് സെക്രട്ടറി സതീഷിനെ തമ്മനം ഷാജിയും കൂട്ടരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സതീഷ്. എന്നാല്‍ തമ്മനം ഷാജിക്കെതിരെ കേസെടുക്കാന്‍ പാലാരിവട്ടം പോലീസ് ആദ്യം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡി.വൈഎഫ്ഐ പ്രവര്‍ത്തകര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
തുടര്‍ന്നാണ് ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചപ്പോഴാണ് തമ്മനം ഷാജി പോലീസിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും നേരെ മുളകുപൊടി എറിഞ്ഞത്. എന്നിട്ടും ഷാജിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. മാത്രമല്ല ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പോലീസും പ്രവര്‍ത്തരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി ഷാജിക്കെതിരെ കേസെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.