കൈയ്യേറ്റം: മെഡിക്കല്‍ കോളജില്‍ പണിമുടക്ക്

Webdunia
വെള്ളി, 23 ഏപ്രില്‍ 2010 (08:27 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കുന്നു. ഒരു വനിതാ റസിഡന്റ് ഡോക്ടറെ രോഗിയുടെ കൂടെവന്നവര്‍ കൈയ്യേറ്റം ചെയ്തതിനെതിരെയാണ് പണിമുടക്ക്.

മെഡിക്കല്‍ പിജി അസോസിയേഷനും ഹൌസ് സര്‍ജന്മാരുമാണ് പണി മുടക്കുന്നത്. വെളുപ്പിനെ രണ്ടരയോടെ ഒരു വനിതാ ഡോക്ടറെ രോഗിയുടെ കൂടെയെത്തിയവര്‍ മര്‍ദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോപണം.

സംഭവം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും അക്രമത്തിനെതിരെ പ്രതികരിച്ചില്ല എന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെയും ജോലി ചെയ്യുന്നതിന് സുരക്ഷ നല്‍കാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും എതിരെ നടപടി വേണമെന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യം.