കൈമടക്ക് വാങ്ങുന്നവരെ ആദ്യം ഉപദേശിക്കണം, പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്: പിണറായി വിജയന്‍

Webdunia
ശനി, 25 ജൂണ്‍ 2016 (12:51 IST)
കൈമടക്ക് നൽകുന്നവരെ ചോദ്യം ചെയ്യണമെന്ന് എൻജിഒ യൂണിയൻകാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം അവരെ ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നൽകിയാൽ മാത്രം നടപടി എന്ന രീതി മാറണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
കൈമടക്ക് നല്‍കിയാല്‍ മാത്രം ഫയലുകള്‍ നോക്കുന്ന രീതി മാറണം. ദുഷ്പ്രവൃത്തികള്‍ ഓഫീസില്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അഴിമതിരഹിത കാര്യക്ഷമമായ സിവിൽ സർവീസ് എന്ന മുദ്രാവാക്യം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സാക്ഷാത്കരിക്കാനായിട്ടില്ല. സിവിൽ സർവീസിനെ മാറ്റാൻ ഉദ്യോഗസ്ഥർക്കുമാത്രമേ കഴിയൂ. ഭരണരംഗത്ത് വലിയ തോതിൽ പുനഃക്രമീകരണം വേണം. പുതിയൊരു കേരളാമോഡലിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. നല്ല ഉദ്ദേശത്തോടുകൂടിയുള്ള പ്രവൃത്തികളെ സര്‍ക്കാര്‍ എന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
സേവനങ്ങൾ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണം. സേവനാവകാശനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ വകുപ്പുകൾ നൽകണം. പത്താംശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫയല്‍നോട്ട സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article