ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിനെ തെളിവെടുപ്പിന്റെ ഭാഗമായി പെരുമ്പാവൂരിലെ കുറുപ്പുംപടി വട്ടോളിപ്പടിയിൽ എത്തിച്ചു. കൊലപാതകത്തിന് ശേഷം ഭക്ഷണം കഴിച്ച ചായക്കടയും താൻ താമസിച്ച ലോഡ്ജും അമീറുൽ പൊലീസിന് കാണിച്ചുകൊടുത്തു. അതീവ രഹസ്യമായിട്ടായിരുന്നു പ്രതിയെ സ്ഥലത്തെത്തിച്ചത്.
കൊലനടത്താൻ ജിഷയുടെ വീട്ടിലെത്തിയ വഴിയും തിരികെ പോയ വഴിയും അമീറുൽ പൊലീസിന് കാണിച്ചുകൊടുത്തത് ജീപ്പിലിരുന്നാണ്. ജിഷയുടെ വീടിന് സമീപത്തെ കനാലിന് സമീപം പത്തുമിനിട്ടോളം നേരം വാഹനം നിർത്തിയിട്ടാണ് പൊലീസ് അമീറുൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
അമീറുൽ മാത്രമല്ല പൊലീസ് സംഘവും ജീപ്പിൽ നിന്നും പുറത്തിറങ്ങിയില്ല. കൊലപാതകത്തിന് ശേഷം നിരവധി വാഹനങ്ങൾ സമീപപ്രദേശങ്ങളിൽ വന്നുപോകുന്നതിനാൽ ആരും ശ്രദ്ധിച്ചില്ല. അതേസമയം, പ്രതി മൊഴികൾ മാറ്റി പറയുന്നതും പൊലീസിനെ കുഴയ്ക്കുകയാണ്.