കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 3922 പേര്‍!

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2011 (14:15 IST)
PRO
PRO
കേരളത്തിലെ റോഡുകളിലെ ഗര്‍ത്തങ്ങള്‍ മലയാളികളുടെ പേടി സ്വപ്നങ്ങളില്‍ ഒന്നാണ്. റോഡപകടങ്ങളില്‍ 2010-ല്‍ കുറവുണ്ടായതായാണ് പോലീസ് വെളിപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്. പക്ഷെ അപകടങ്ങളില്‍ കുറവുണ്ടായതുകൊണ്ട് കാര്യമില്ല, 2009-നേക്കാള്‍ മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2009-ല്‍ 3831 പേരാണ് റോഡപകടത്തില്‍ മരിച്ചത്. എന്നാല്‍ 2010-ല്‍ ഇത് 3922 പേരായി വര്‍ദ്ധിച്ചിട്ടുണ്ട്.

മരണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ പോലീസ് വിലയിരുത്തുന്ന കാരണങ്ങള്‍ ഇവയാണ്. കൌമാരക്കാരുടെ ഇടയില്‍ ഇരുചക്രവാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു കൂടാതെ സ്വകാര്യബസുകളുടെയും ടിപ്പര്‍ ലോറികളുടെയും അമിത വേഗവും അപകടത്തിന്റെ കാ‍രണങ്ങളാണ്. അര്‍ധരാത്രിയില്‍ ഓടുന്ന ഹെവി വാഹനങ്ങളിലെയും കാറുകളിലെയും ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. റോഡുകളും അവസ്ഥയും പരിതാപകരമാണ്. സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ഉപയോഗിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതും മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുന്നതും ദുരന്തം വരുത്തിവെക്കുന്നു.

രണ്ട് വര്‍ഷങ്ങളില്‍ റോഡപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതാണ് അപകടം കുറയാന്‍ കാരണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിന് ഉദാഹരണമായി പോലിസിന്റെ കണക്കുകള്‍ ഇപ്രകാരമാണ്. 2007-ല്‍ 39917-ഉം 2008-ല്‍ 37263-ഉം അപകടങ്ങളാണ് ഉണ്ടായത്.എന്നാല്‍ 2009-ല്‍ 35433-ഉം 2010-ല്‍ 35046-ഉം അപകടങ്ങളായി ഇത് കുറഞ്ഞിട്ടുണ്ട്.അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും ചെറിയ തോതില്‍ കുറവുണ്ട്. 2008-ല്‍ 43857 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ 2009-ല്‍ 41401-ഉം 2010-ല്‍ 41207-ഉം പേര്‍ക്കാണ് പരിക്കേറ്റത്.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറക്കാനായി മുന്‍കരുതലുകള്‍ കൈക്കൊണ്ടത് ഫലപ്രദമായതായാണ് അപകട നിരക്ക് കുറഞ്ഞത് വ്യക്തമാക്കുന്നതെന്ന് പൊലീസ്‌വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.റോഡുകളില്‍ കൂടുതല്‍ സിഗ്‌നലുകള്‍ സ്ഥാപിക്കാനും അമിതവേഗം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും പോലീസ് നടപടി കൈക്കൊണ്ടിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുകയും അടിയന്തരവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള അവസരം നല്‍കുകയും ചെയ്താല്‍ റോഡപകടങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്.

വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ പ്രായം കേരളത്തില്‍ പൊതുവില്‍ 20-നും 55-നുമിടയിലാണ്. മരിക്കുന്നവരിലേറെയും കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസുമാണ്. അതുകൊണ്ട് തന്നെ ഒരു വാഹന അപകടം പലപ്പോഴും തകര്‍ത്തെറിയുന്നത് ഒരു കുടുംബത്തിന്റെ അടിത്തറ തന്നെയാണ്. റോഡപകടങ്ങളില്‍ ഭൂരിഭാഗവും മരിക്കുന്നത് ഇരുചക്രങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. മികച്ച രീതിയിലുള്ള ഡ്രൈവിംഗ് ശീലത്തിന്റെ അഭാവം അല്ലെങ്കില്‍ അത് പ്രാവര്‍ത്തികമാകാനുള്ള അലസത. ഇവയാണ് മിക്ക അപകടങ്ങളിലും കാണുന്നതെന്നാണ് പൊലീസ് പറയുന്നത്‍.