കേരളം ജീര്‍ണ്ണിക്കുന്നുവെന്ന് മുകുന്ദന്‍

Webdunia
ഞായര്‍, 26 ഏപ്രില്‍ 2009 (10:04 IST)
WDWD
എല്ലാ രംഗങ്ങളിലും കേരളം ജീര്‍‌ണിച്ചിരിക്കുകയാണെന്നും മലയാളിയുടെ ഭാവനയും വികസന സങ്കല്‍‌പവും തടങ്കലിലാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ലിയൂ ജെ) തമിഴ്‌നാട് ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പുതിയ കാര്യങ്ങള്‍ പറയാനോ ചര്‍ച്ച ചെയ്യാനോ വേദിയില്ല. വ്യത്യസ്തമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ കോലം കത്തിക്കലും കല്ലേറുമാണ് പ്രതിഫലം. കേരളത്തില്‍ ആര്‍ക്കും പുതുതായി ഒന്നും പറയാനില്ലാത്ത അവസ്ഥയാണ്. പുതിയതെന്തെങ്കിലും പറയുകയോ വ്യവസ്ഥാപിത മൂല്യങ്ങളെ എതിര്‍ക്കുകയോ ചെയ്യുന്നവരുടെ പുര കത്തും.

മൂല്യങ്ങള്‍ നഷ്ടപ്പെട്ട് പോയിരിക്കുന്ന നമ്മുടെ കാലത്തിന് ഇപ്പോഴത്തെ ഏക ആശ്വാസം മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ മനഃസാക്ഷിയും ജാഗ്രതയുമാണ്. കുറച്ച് മാത്രമുള്ള നല്ല മനുഷ്യര്‍ മാധ്യമങ്ങളില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. മാധ്യമങ്ങള്‍ ജീര്‍ണിക്കരുത്. വരാന്‍ പോകുന്ന കാലത്ത്, വിപ്ലവ പ്രസ്ഥാനങ്ങളിലല്ല മാധ്യമസ്ഥാപനങ്ങളിലാണ് നമ്മുടെ സമൂഹം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

മനോരോഗ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ശാരദാമേനോനാണ് പ്രഥമ ബാലകൃഷ്ണന്‍ മാങ്ങാട് പുരസ്‌കാരം ലഭിച്ചത്. കെ യു ഡബ്ലിയൂ ജെ തമിഴ്‌നാട് ഘടകത്തിന്‍റെ വെബ്‌സൈറ്റും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. സി ടി എം എ സ്ഥാപക പ്രസിഡന്‍റ് എം പി പുരുഷോത്തമനാണ് ടമാജ് ഡോട്ട് ഓര്‍ഗ് എന്ന പേരിലുള്ള സൈറ്റ് ലോഞ്ച് ചെയ്തത്.

ഗോകുലം ഗോപാലന്‍റെ സന്ദേശം ഗോകുലം ഗ്രൂപ്പ് ലീഗല്‍ സെല്‍ പ്രതിനിധി സുരേഷ് വായിച്ചു. സി ടി എം എ പ്രസിഡന്‍റ് നന്ദഗോവിന്ദ്, ശരത്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ യു ഡബ്ലിയൂ ജെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റ് പി കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എ ജോണി, ട്രഷറര്‍ ആര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.