കെ ജി ബാലകൃഷ്ണന്റെ മകള്‍ക്കും മരുമകനുമെതിരേ ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2013 (09:25 IST)
PRO
PRO
മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനുമായ കെജി ബാലകൃഷ്‌ണന്റെ മകള്‍ സോണിയും മരുമകന്‍ പി.വി ശ്രീനിജിനും ആദായനികുതിവകുപ്പിന്റെ നോട്ടീസ്‌. രണ്ടുകോടി 20 ലക്ഷം രൂപ ആദായനികുതി കുടിശികയടയ്‌ക്കാണമെന്നു കാട്ടിയാണ് നോട്ടീസ്. 2007-08, 2009-10 വര്‍ഷങ്ങളിലെ കുടിശികയ്‌ക്കാണ്‌ നോട്ടീസ്‌ നല്‍കിയിട്ടുള്ളത്‌.

യൂത്ത്‌ കോണ്‍ഗ്രസിന്റെ മുന്‍ വൈസ്‌ പ്രസിഡന്റുകൂടിയായ ശ്രീനിജന്‍ ഞാറക്കല്‍ മണ്ഡലത്തില്‍നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരേ വരവില്‍കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സംസ്‌ഥാനസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

2006- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്‌ക്കല്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ശ്രീനിജന്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഭാര്യയ്‌ക്കും തനിക്കുമായി നാലു ലക്ഷത്തിഅറുപത്തി മൂവായിരം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ്‌ വെളിപ്പെടുത്തിയത്‌. ഇതിനുശേഷം ഇവരുടെ സ്വത്തില്‍ വന്‍വര്‍ധന ഉണ്ടായതായാണ്‌ ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കെ ജി ബാലകൃഷ്‌ണന്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയിരുന്നപ്പോഴാണ്‌ ഇവരുടെ സ്വത്തില്‍ വന്‍വര്‍ധനയുണ്ടായതെന്നും പരാതിയുണ്ട്‌.

ശ്രീനിജന്‍ പലയിടങ്ങളിലും അടിസ്‌ഥാനവിലയെക്കാള്‍ കുറഞ്ഞവിലയ്‌ക്ക്‌ സ്‌ഥലംവാങ്ങിച്ചതായും ഒരു വജ്രവ്യാപാര കമ്പനിയുടെ കണ്‍സള്‍ട്ടന്റ്‌ എന്ന നിലയില്‍ മാസം ഒരുലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയിരുന്നതായും ആദായനികുതി വകുപ്പ്‌ കണ്ടെത്തി.