കെ കരുണാകരന്‍റെ സംഭാവന മഹത്തരമെന്ന് രാഷ്ട്രപതി

Webdunia
ഞായര്‍, 22 ഡിസം‌ബര്‍ 2013 (16:34 IST)
PRO
PRO
ശ്രദ്ധേയമായ കേരള മോഡല്‍ വികസന മാതൃക രൂപപ്പെടുത്തുന്നതില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നല്‍കിയ സംഭാവന മഹത്തരമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ പൂര്‍ണകായ പ്രതിമ കനകക്കുന്നില്‍ അനാവരണം ചെയ്ത ശേഷം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക സംഭവ വികാസങ്ങളില്‍ ഭാഗഭാക്കാകാനും ക്രിയാത്മകമായ ഇടപെടല്‍ നടത്താനും കെ.കരുണാകരന് കഴിഞ്ഞു. കേരളത്തിലിന്നുകാണുന്ന വികസന മാതൃകകളില്‍ അദ്ദേഹത്തിന്റെ സ്ഥിരോത്സഹാവും ക്രാന്തദര്‍ശിത്വവും തെളിഞ്ഞ് കാണാം എന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം, കേന്ദ്ര-സംസ്ഥാന മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി തുടങ്ങിയ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ കെ കരുണാകരന്‍ ഭാരതത്തിന്റെ മഹത്പുത്രനാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഒരു മികച്ച ഭരണാധികാരിയുടേയും മികവുറ്റ രാഷ്ട്രീയക്കാരന്റേയും കര്‍മ്മകുശലത ഒരുപോലെ സമ്മേളിച്ച വ്യക്തിത്വമായിരുന്നു കരുണാകരന്റേതെന്നും അദ്ദേഹത്തെ കേരളം കണ്ട ഏറ്റവും വലിയ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഇല്ലെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു വ്യക്തിക്ക് രാഷ്ട്രീയ, സാമൂഹികരംഗത്ത് വിജയിക്കണമെങ്കില്‍ ത്യാഗവും സമര്‍പ്പണമനോഭാവവും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ഈ മനോഭാവം കെ കരുണാകരനുണ്ടായിരുന്നതാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.