കെഎസ്ആര്‍ടിസി പണത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഇ ഷാജഹാനെ സര്‍വീസില്‍നിന്ന് പുറത്താക്കി. മറ്റുള്ളവര്‍ ജോലിചെയ്തതായി കൃത്രിമ രേഖയുണ്ടാക്കി ശമ്പളം തട്ടിയെടുത്തെന്ന കുറ്റത്തിനാണ് ഇയാളെ സര്‍വ്വിസില്‍ നിന്നും പിരിച്ച് വിട്ടത്‍.
ടിക്കറ്റ് ആന്‍ഡ് കാഷ് കൗണ്ടറില്‍ സീനിയര്‍ അസിസ്റ്റന്റ് തസ്തികയിലാണ് ഷാജഹാന്‍ ജോലിചെയ്തിരുന്നത്. ഇവിടെ മറ്റുള്ളവര്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്തതായി കൃത്രിമരേഖയുണ്ടാക്കി പണം തട്ടുകയായിരുന്നു. അധികജോലിയുടെ വേതനം കെഎസ്ആര്‍ടിസിയില്‍ നിന്നും അപ്പോള്‍ത്തന്നെ കൈപ്പറ്റാമെന്നാണ് നിയമം. ഈ ആനുകൂല്യം മുതലാക്കി മറ്റുള്ളവരുടെ വ്യാജ ഒപ്പുകളിട്ടായിരുന്നു പണത്തട്ടിപ്പ് നടത്തിയിരുന്നത്.
ഇലക്‌ട്രോണിക്‌സ് ടിക്കറ്റ് മെഷീനിലും പേബില്ലിലും കൃത്രിമംകാണിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സുരേഷ്‌കുമാര്‍ ഷാജഹാനെ പുറത്താക്കി ഉത്തരവിട്ടത്.