കുര്യന്‍ വിഷയം: വി മുരളീധരന്‍ സുഷമയെ കാണും

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (17:23 IST)
PRO
PRO
പി ജെ കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍ ലോക്സഭ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. പി ജെ കുര്യന്‍ രാജിവയ്ക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ശക്‌തമായ നിലപാട്‌ മുരളീധരന്‍ സുഷമ സ്വരാജിനെ അറിയിക്കും.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനും ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, പി ജെ കുര്യന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ചു മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചിരിക്കുകയാണ്‌.

സൂര്യനെല്ലി ആരോപണങ്ങളുടെ പേരില്‍ കുര്യന്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും പാര്‍ട്ടി വക്‌താവ്‌ രവിശങ്കര്‍ പ്രസാദ്‌ അറിയിച്ചു. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലാണ് കുര്യനും കുര്യനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസും.

കുര്യനെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം. ഇതാണ് കുര്യന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്. കുര്യനെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന്‌ കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പും തീരുമാനിച്ചതോടെ, കുര്യന്റെ കസാരയ്ക്ക് നോട്ടമിടുന്നവര്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നകാര്യം ഉറപ്പായി.