അമ്മയോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങുകയായിരുന്ന ആറുവയസുകാരനെ മയക്കുമരുന്നുപയോഗിച്ച് സമനില തെറ്റിയ ആള്‍ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. പടിഞ്ഞാറെ പൂങ്കുളത്താണ് സംഭവം.
എന്നാല്‍ കോവളം പൊലീസ് പറഞ്ഞത് മനോരോഗലക്ഷണമുള്ള മുരുകന്‍ കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് വീണ് പരുക്കേല്‍ക്കുകയും തുടര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു എന്നാണ്. പടിഞ്ഞാറെ പൂങ്കുളം പാറവിളാകത്ത് ബിജു-ശാന്തി ദമ്പതികളുടെ മകന്‍ ബിജീഷിനെയാണ് നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം മാതാവ് ശാന്തിക്കൊപ്പമാണ് ബിജീഷ് പടിഞ്ഞാറെ പൂങ്കുളത്തെ പള്ളിയില്‍ പോയത്.പള്ളിയില്‍ നിന്നും തിരിച്ചു വരുന്ന സമയം മതിലില്‍ ചാരി നിന്നിരുന്ന മുരുകന്‍ ബിജീഷിന്റെ ഇരുകാലുകളും കൂട്ടിപ്പിടിച്ച് റോഡില്‍ അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.നിലത്തുവീണ ഉടന്‍ കുഞ്ഞ് ബോധരഹിതനാവുകയും ചെയ്‌തു.
സംഭവം നടന്നയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മുരുകനെ നാട്ടുകാര്‍ തടഞ്ഞുവയ്‌ക്കുകയും വിവരം കോവളം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. ബിജീഷിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിനുത്തരവാദിയായ പടിഞ്ഞാറെ പൂങ്കുളം സ്വദേശി മുരുക(67)നെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി.മുരുകനെ റിമാന്‍ഡ് ചെയ്‌തു.മയക്കു മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് സമനില തെറ്റിയ നിലയിലാണ് മുരുകന്‍ പെരുമാറുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.