കാസര്‍കോട് സ്വദേശിയുടെ കൊല: സ്ത്രീയടക്കം അഞ്ച് വിദേശികള്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2013 (13:04 IST)
PRO
PRO
കാസര്‍കോട് ഉദുമ സ്വദേശി കാപ്പില്‍ ഹനീഫയെ (32) കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. നാലു റഷ്യന്‍ വംശജരും ഒരു ചൈനക്കാരനുമാണ് അറസ്റ്റിലായത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ വലയിലാക്കിയത്. പ്രതികള്‍ നടത്തിയ കവര്‍ച്ച ഫനീഫ കണ്ടതാണ് കൊലയിലേക്ക് നയിച്ചത്.

റാഷിദിയ മേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതികള്‍ കവര്‍ച്ച നടത്തുന്നതിന് ഹനീഫ ദൃക്‌സാക്ഷിയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു ഹനീഫ. സംഭവം പുറത്തറിയാതിരിക്കാനായി പ്രതികള്‍ ഇയാളെ താമസസ്ഥലത്ത് എത്തി കൊലപ്പെടുത്തുകയായിരുന്നു. ഇഷ്ടികയും ഇരുമ്പുദണ്ഡും ഉപയോഗിച്ചു ക്രൂരമായി മര്‍ദിച്ചായിരുന്നു കൊല.

10 ലക്ഷം രൂപയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സൂക്ഷിച്ച അലമാരയും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു പ്രതികള്‍ മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുട്ടികളെയും കൂട്ടി ഷോപ്പിംഗിന് എത്തുന്ന രീതിയിലാണ് പ്രതികള്‍ എത്തിയത്. യാതൊരു വിധത്തിലുള്ള സംശയത്തിനും ഇടവരുത്താതിരിക്കാനായിരുന്നു ഇത്.