കാലിക്കറ്റ് സര്‍വകലാശാല ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2012 (11:26 IST)
PRO
PRO
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കീഴിലുള്ള ഒരിഞ്ച്‌ ഭൂമി പോലും സര്‍ക്കാര്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി. സര്‍വകലാശാലയുടെ ഭൂമി ദാനത്തെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന കെ മുരളീധരന്‍ എം എല്‍ എയുടെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമുദായിക സംഘടനകളുമായി കോണ്‍ഗ്രസിനും യു ഡി എഫിനും നല്ല ബന്ധമാണുള്ളത്‌. അത്‌ നല്ല രീതിയില്‍ തുടരണമെന്നാണ്‌ ആഗ്രഹം. അനുകൂലിക്കുന്നവരെ നല്ലവരായി കാണുകയും വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണുകയും ചെയ്യുന്ന മനോഭാവം കോണ്‍ഗ്രസിനില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കും. ജനാധിപത്യ വ്യവസ്ഥയുടെ ശക്തിയെന്ന്‌ പറയുന്നത്‌ സഹിഷ്‌ണുതയാണ്‌. സഹിഷ്‌ണുത നഷ്ടപ്പെട്ടാല്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.