കാറ്റില്‍ ഉലയാതെ കോഴിക്കോട് ഇടതിനൊപ്പം

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2010 (17:41 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫ് കാറ്റ് ആഞ്ഞുവീശിയെങ്കിലും അതില്‍ ഉലയാതെ കോഴിക്കോട് ജില്ല ഇടതിനൊപ്പം നിന്നു. കോഴിക്കോട് കോര്‍പ്പറേഷനും നഗരസഭയും നിലനിര്‍ത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. കോര്‍പ്പറേഷന്‍ നിലനിര്‍ത്താന്‍ എല്‍ ഡി എഫ് അല്പം വിയര്‍ത്തെങ്കിലും നഗരസഭകളില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫിന് ഒട്ടും വിയര്‍ക്കേണ്ടി വന്നില്ല.

വടകരയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചെങ്കിലും അന്നുണ്ടായ വോട്ടുകളുടെ വര്‍ദ്ധന നിലനിര്‍ത്താനോ പുതിയ വോട്ടുകള്‍ കണ്ടെത്താനോ യു ഡി എഫിന് ഇവിടെ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായും സൂചനയുണ്ട്. എം പി വീരേന്ദ്ര കുമാറിന്‍റെ സോഷ്യലിസ്റ്റ്‌ ജനതാ(ഡമോക്രാറ്റിക്‌) മുന്നണിയിലെത്തിയതും കെ മുരളീധരന്‍ പിന്തുണച്ചതും കോഴിക്കോട് കാര്യമായ നേട്ടമുണ്ടാക്കാന്‍ യു ഡി എഫിനെ സഹായിച്ചില്ല.

അതേസമയം, 2005ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ യു ഡി എഫിന് വന്‍ മുന്നേറ്റമാണ് കോഴിക്കോട് ജില്ലയില്‍ ലഭിച്ചിരിക്കുന്നത്. കോര്‍പ്പറേഷനില്‍ 41 സീറ്റുമായി എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ 34 സീറ്റുമായി യു ഡി എഫ് തൊട്ടുപിന്നില്‍ എത്തി എന്നതും ശ്രദ്ധേയമാണ്.

ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് 14 ഇടങ്ങളിലും യു ഡി എഫ് 13 ഇടങ്ങളിലും മുന്നേറുകയാണ്. 2005ല്‍ ഇവിടെ ആകെയുള്ള 28 സീറ്റില്‍ 26 സീറ്റിലും എല്‍ ഡി എഫ് ആയിരുന്നു. 2005ല്‍ യു ഡി എഫിന് ഇവിടെ വെറും രണ്ടിടത്ത് മാത്രമായിരുന്നു ജയം.

ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് ഇടങ്ങളില്‍ എല്‍ ഡി എഫും നാലിടങ്ങളില്‍ യു ഡി എഫും മുന്നേറുകയാണ്. 2005ല്‍ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ ഡി എഫ് ആയിരുന്നു വിജയിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫ് 41 ഇടങ്ങളിലും യു ഡി എഫ് 33 ഇടങ്ങളിലും മുന്നേറുകയാണ്. പുതുപ്പാടി, കൂടരഞ്ഞി, കട്ടിപ്പാറ എന്നീ പഞ്ചായത്തുകള്‍ യു ഡി എഫ് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തു. നാദാപുരം, പുറമേരി പഞ്ചായത്തുകളിലും യു ഡി എഫ് വിജയിച്ചു.

ഏറാമലയില്‍ ഫലമറിഞ്ഞ 12 വാര്‍ഡുകളിലും യു ഡി എഫ് വിജയിച്ചു. സി പി എം വിമതര്‍ നിരന്ന ഒഞ്ചിയത്ത് വിമതര്‍ തന്നെ വിജയം കണ്ടു. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എല്‍ ഡി എഫിന് വിജയം കൂട്ടു നിന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ യു ഡി എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുമായിരുന്നു ഇത്തവണത്തേത്. അതേസമയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വാര്‍ഡു വിഭജനത്തിലെ ഘടകങ്ങളുമാണ് എല്‍ ഡി എഫിന് വിജയത്തിന് കാരണമായതെന്ന് യു ഡി എഫ് ക്യാംപില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, തെരഞ്ഞെടുപ്പു ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം എത്താത്തതിനെ തുടര്‍ന്ന് മടപ്പള്ളി ബോയ്‌സ് ഹൈസ്കൂളില്‍ വോട്ടെണ്ണല്‍ ഉച്ചയ്ക്ക് അല്പസമയം തടസ്സപ്പെട്ടു. പേരാമ്പ്രയിലും വെസ്റ്റ് ഹില്ലിലും എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി.