കാമുകിയ്ക്കായി തമ്മിലടി, ഒരു കാമുകന് ഗുരുതരം

Webdunia
ശനി, 28 ഓഗസ്റ്റ് 2010 (12:30 IST)
PRO
കാമുകിയ്ക്കായി തമ്മിലടിച്ച കാമുകന്‍‌മാരില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. കാമുകിയെ സ്വന്തമാക്കാനായി നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഒരു കാമുകന് സാരമായി പരുക്കേറ്റത്. പിറവം ആരക്കുന്ന് എടമനമ്യാലില്‍ ഏലിയാസ്‌ ചാക്കോ(40)യാണ് അടിയേറ്റ് ആശുപത്രിയിലായ ഹതഭാഗ്യന്‍.

തലയോലപ്പറമ്പ് സ്വദേശിനിയായ 37കാരിയാണ് ചാക്കോയുടെ കാമുകി. മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും പരിചയത്തിലായത്. ഇതേ യുവതിയുമായി വെണ്‍മണി വേഴാമ്പല്‍ തോട്ടം പ്രീമി(31)യും പ്രണയത്തിലായിരുന്നു. തുടര്‍ന്ന് പ്രണയിനിക്കായി സിനിമാ സ്റ്റൈല്‍ മത്സരം നടന്നു. ഒടുവില്‍ അടിപിടിയിലെത്തി.

മത്സരവും തര്‍ക്കവും മുറുകിയതോടെ ഏലിയാസ് ചാക്കോയെ പ്രീമിയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി നന്നായി പെരുമാറി. ആക്രമണത്തില്‍ ചാക്കോയുടെ കൈയും കാലും ഒടിഞ്ഞു.

ഗുരുതരാവസ്ഥയിലായ ഏലിയാസ് ചാക്കോയെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.