കാമുകിയെ കബളിപ്പിക്കാന്‍ ത്രില്ലടിപ്പിക്കുന്ന മാവോയിസ്റ്റ് കഥ പറഞ്ഞ തമ്പി ജയിലില്‍

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (09:50 IST)
PRO
മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയെന്ന് കെട്ടിച്ചമച്ച കഥ പറഞ്ഞ് കാമുകിയുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിച്ച കൊലക്കേസ്‌ പ്രതി പിടിയില്‍. അടിമാലി ചാറ്റുപാറ ആദിവാസി കുടിയിലെ തമ്പി(43)ആണ്‌ അറസ്‌റ്റിലായത്‌. കൊല‌പാതകക്കേസിലും പിതാവിനെ തല്ലിയ കേസിലും പ്രതിയാണ് തമ്പി.

രണ്ട്‌ വര്‍ഷംമുമ്പ്‌ ചാറ്റുപാറ മണ്ഡപത്തില്‍ പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തമ്പി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നിലമ്പൂര്‍ അപ്പങ്കാവ് കോളനിയില്‍ മറ്റൊരാളുടെ ഭാര്യയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു.നാലുമാസം മുന്‍പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

മ്പിയെ യുവതി വീട്ടില്‍നിന്ന്‌ ഒഴിവാക്കി. തുടര്‍ന്ന്‌ രണ്ട്‌ മാസത്തോളം വിവിധ സ്‌ഥലങ്ങളില്‍ അലഞ്ഞുനടന്ന ശേഷം മടങ്ങിയെത്തിയ തമ്പി കാമുകിയുടെ പ്രീതി പിടിച്ചുപറ്റാന്‍ മാവോയിസ്‌റ്റ്‌ കഥ മെനയുകയായിരുന്നു. നിലമ്പൂര്‍ വനത്തിലേക്കാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു തമ്പി കാമുകിയോടു പറഞ്ഞത്‌.

നിലമ്പൂര്‍ പോത്തുക്കല്ല്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. ഈ കഥ പോലീസും വിശ്വസിച്ചു. ഇതോടെ നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്‌റ്റ്‌ ക്യാമ്പ്‌ ഉണ്ടെന്ന ധാരണയില്‍ പോലീസ്‌ സംഘം വ്യാപകതെരച്ചിലും നടത്തി. ഇതു പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി.

വാര്‍ത്ത ശ്രദ്ധിച്ച അടിമാലി പൊലീസിനുണ്ടായ സംശയമാണ്‌ തമ്പിയെ കുടുക്കിയത്‌. അടിമാലി വില്ലേജ് ഓഫീസ് പടിക്കല്‍ കര്‍ഷകസംഘം ഉപരോധസമരത്തിന്റെ ഭാഗമായെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് തമ്പിയുടെ ചിത്രം കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നു.

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണോ എന്ന സംശയത്തില്‍ അടിമാലി പൊലീസ്‌ തമ്പിയെ കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്‌തപ്പോഴാണ്‌ മാവോയിസ്‌റ്റ്‌ കഥ കെട്ടിച്ചമച്ചതാണെന്ന്‌ വെളിച്ചത്തുവന്നത്‌. ഇതോടെ തമ്പിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. തൊടുപുഴ കോടതിയില്‍ ഹാജരാക്കി