പാലക്കാട് പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചത് അന്വേഷിക്കുന്നതിനുള്ള ചുമതല സി ബി ഐ ഏറ്റെടുത്തു. ഇതിനെ തുടര്‍ന്ന് കസ്റ്റഡി മരണക്കേസ് സി ബി ഐ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്‍റെ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളാക്കിയ 14 പൊലീസുകാര്‍ തന്നെയാണ് സി ബി ഐ പ്രതിപട്ടികയിലും ഉള്ളത്. അതേസമയം, കേസ് സംബന്ധിച്ച ഫയലുകള്‍ സംസ്ഥാന പൊലീസ് സി ബി ഐയ്ക്ക് കൈമാറിയിട്ടില്ല. സി ബി ഐ തിരുവനന്തപുരം ക്രൈം യൂണിറ്റിനാണ് കസ്റ്റഡി മരണത്തിന്‍റെ അന്വേഷണ ചുമതല.
പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ ഒന്നാം പ്രതി സമ്പത്ത് പൊലീസ് മര്‍ദനത്തില്‍ മരിച്ചുവെന്നാണ് ആരോപണം. സമ്പത്തിന്‍റെ ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെയ്ക്കുകയായിരുന്നു.