കസ്റ്റഡി മരണം: ഉന്നതര്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ

Webdunia
ചൊവ്വ, 26 ജൂലൈ 2011 (15:02 IST)
PRO
PRO
പുത്തൂര്‍ ഷീല വധക്കേസ് മുഖ്യപ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നതിന് തെളിവില്ലെന്ന് സി ബി ഐ. ഐ ജി മുഹമ്മദ് യാസിന്‍, എസ് പി വിജയ് സാഖറേ എന്നിവരെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതി സി ബി ഐയുടെ വിശദീകരണം തേടിയത്.

മുഹമ്മദ് യാസിന്‍, വിജയ് സാഖറേ എന്നിവര്‍ക്കെതിരെ സാഹചര്യതെളിവുകളും വിശ്വസനീയമായ സാക്ഷിമൊഴികളുമില്ല എന്നും സി ബി ഐ വ്യക്തമാക്കുന്നു. കേസില്‍ പ്രതിയായ എസ് ഐയെ അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു പ്രതിയായ ഐ ജിയെ ഒഴിവാക്കിയത്കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സി ബി ഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പറഞ്ഞ കോടതി സി ബി ഐ ഇരട്ടത്താപ്പ് കാണിക്കുകയാണോ എന്നും ചോദിച്ചിരുന്നു. ഉന്നതര്‍ക്കുള്ള അറസ്റ്റ് വാറന്റ് സി ബി ഐ ടക്കി നല്‍കിയതും കോടതി ഓര്‍മ്മിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ എസ് ഐ രമേഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ആയിരുന്നു ഇത്.

എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മുഹമ്മദ് യാസിനും വിജയ് സാഖറെയും പ്രതികളായിരുന്നു.